റമളാൻ പുണ്യങ്ങളുടെ
പൂക്കാലം
എല്ലാ സമയത്തും അള്ളാഹുവിന്റെ ഓർമകളിലൂടെ സഞ്ചരിക്കേണ്ട ബാധ്യത നമ്മൾ സൃഷ്ടികൾക്കുണ്ട്.അടിമയും ഉടമയും തമ്മിലുള്ള ബന്ധം അതിലൂടെ മാത്രമേ യതാർത്ഥമാകൂ.ഈ ബന്ധം ഉറപ്പിക്കാൻ റമളാൻ നോമ്പ് നമ്മെ ഏറെ സഹായിക്കുന്നു.നന്മയുടെ വഴികളിലേക്കുള്ള പ്രചോദനവും ഊർജവുമാണ് റമളാൻ നോമ്പ് എന്ന് പറയുന്നത്.നമ്മുടെ ശരീരത്തിന് ആരോഗ്യപരമായിട്ട് ഒരുപാട് നേട്ടങ്ങൾ നോമ്പ് കൊണ്ട് ഉണ്ടെങ്കിലും ആത്മീയമായ ഉയർച്ചയും വികാസവുമാണ് നോമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.ആത്മീയ വളർച്ചയാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം എന്ന് പറയുന്നത്.നോമ്പ് ഉണ്ടാകുന്ന സമയത്ത് എല്ലാം നമ്മൾ അള്ളാഹുവിനെ ഓർക്കുകയും അവനിലേക്ക് ഇബാദത്ത് ചെയ്ത് കൊണ്ട് ഇരിക്കുകയും ചെയ്യുന്നു.
ചന്ദ്രവർഷ പ്രകാരം 9-ാമത്തെ മാസമാണ് റമളാൻ എന്ന് പറയുന്നത്.ലോകത്തെ എല്ലാ മുസ്ലിംകളും സൂര്യൻ ഉദിക്കുന്ന സമയം മുതൽ സൂര്യൻ അസ്തമിക്കുന്ന സമയം വരെ ഭക്ഷണ പാനീയങ്ങളും അവരുടെ എല്ലാവിധ ആഗ്രഹങ്ങളെയും മാറ്റിവെച്ച് നോമ്പ് അനുഷ്ടിക്കുന്നു.സൂര്യൻ അസ്തമിച്ചാൽ പിന്നെയെല്ലാം സാധാരണ നിലയിലാകുന്നു.നോമ്പ് എല്ലാ ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിമിന് നിർബന്ധമാണെങ്കിലും രോഗിയെയും യാത്രക്കാരനെയും നിർബന്ധ നോമ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.യാത്രക്കാർക്ക് യാത്ര നീളുന്നത് വരെ നോമ്പ് മാറ്റിവെക്കാവുന്നതാണ്.അങ്ങനെ റമളാനിൽ നോമ്പ് അനുഷ്ടിക്കാത്തവർ അത് മടക്കി നോൽക്കണം.നോമ്പ് നോൽക്കാൻ തീരെ കഴിയാത്തവർ പകരമായിട്ട് ദരിദ്രനുള്ള ഭക്ഷണം പകരമായിട്ട നൽകണം.
അള്ളാഹുവിന്റെ മുമ്പിൽ നോമ്പ്ക്കാരനുള്ള പ്രതിഫലം വളരെ അധികമാണ്.നോമ്പ് എനിക്കുള്ളതാണ് ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന് അള്ളാഹു പ്രത്യേകം എടുത്തു പറഞ്ഞതിലൂടെ തന്നെ നോമ്പ് നോൽക്കുന്ന ആൾക്കുള്ള പുണ്യം നമുക്ക് മനസ്സിലാകുന്നതാണ്.ആത്മാർത്ഥമായി നോമ്പ് അനുഷ്ടിക്കുന്നവന്റെ കഴിഞ്ഞു പോയ പാപങ്ങൾ മുഴുവൻ അള്ളാഹു പൊറുത്തു കൊടുക്കുന്നതാണ്.നോമ്പിൽ അന്നപാനിയങ്ങൾ ഒഴിവാക്കുക എന്നതിനപ്പുറം നമ്മൾ ഗൗരവത്തോടെ സമീപിക്കേണ്ട ബാധ്യത നമുക്കുണ്ട്.നബി(സ) പറയുന്നു:മോശപ്പെട്ട വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാത്തവൻ അന്നപാനീയങ്ങൾ ഒഴിവാക്കുന്നത് അള്ളാഹുവിന് ആവശ്യമില്ലാത്ത കാര്യമാണ്.(ഹദീസ്)
FAZLU RAHMAN P.N
ALPARAMBU